ഹിന്ദു ഐക്യവേദി, കേരളം

കേരള നവോത്ഥാനം ഹിന്ദു ഐക്യത്തിലൂടെയെന്ന ആശയവുമായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനടുത്തായി പ്രവർത്തിച്ചു വരുന്ന സംഘടനയാണ് ഹിന്ദു ഐക്യവേദി . ഇതിൽ രണ്ട് പതിറ്റാണ്ടുകാലമായി സംഘടനാ സ്വരൂപത്തിൽ ഐക്യവേദി പ്രവർത്തിക്കുകയാണ്.

ജാതീയമായ വേർതിരിവുകളും ഉച്ചനീചത്വങ്ങളും തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും നിലനിന്നിരുന്ന കാലത്ത് ഇതിനെതിരായി നിശബ്ദമായും അതേസമയം ശക്തമായും നിലകൊണ്ട സാമൂഹ്യ നവോത്ഥാന നായകരായിരുന്നു ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും മഹാനായ അയ്യങ്കാളിയും തുടങ്ങിയ എണ്ണമറ്റ മഹാരഥർ. ഇവരുടെ പാതയെ പിന്തുടർന്നുകൊണ്ടാണ് ഈ പ്രസ്ഥാനം കേരളത്തിൽ പ്രവർത്തിക്കുന്നത്.

സംഘടനയുടെ പേരിനെ അന്വർത്ഥമാക്കുന്ന തരത്തിൽ ഹിന്ദു ഐക്യമാണ് സംഘടനയുടെ മുഖമുദ്ര. ചെറുതും വലുതുമായ നിരവധി ഹിന്ദു സമുദായ സംഘടനകൾ ഇന്ന് കേരളത്തിൽ ഐക്യ വേദിയോടൊപ്പം തോളോടുതോൾ ചേർന്നുനിൽക്കുന്നു. ഇത്രയുംകാലത്തെ പ്രവർത്തനത്തിലൂടെ കേരളത്തിലെ എല്ലാ ഹിന്ദു സംഘടനകളുമായി നല്ല ബന്ധം സൃഷ്ടിക്കുവാൻ ഹിന്ദു ഐക്യവേദിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഹിന്ദുസമൂഹത്തിന്റെ എല്ലാ ആവശ്യങ്ങളോടും പ്രതികരിക്കുകയും പ്രതിഷേധിക്കുകയും അവരുടെ അവകാശങ്ങൾക്കായി പടപൊരുതുകയും ചെയ്യുന്ന ഏക ഹിന്ദുസംഘടന കേരളത്തിൽ ഹിന്ദു ഐക്യവേദി മാത്രമാണ്. ഏകോപനം, പ്രക്ഷോഭം, പ്രചരണം എന്നീ മൂന്നുകാര്യങ്ങളിൽ നാം ഊന്നൽ കൊടുക്കുന്നു. ഹൈന്ദവസ്വാഭിമാനം, ഹൈന്ദവ ഏകീകരണം, ഹൈന്ദവ ശാക്തീകരണം എന്നിവ ഹിന്ദു സമൂഹത്തിൽ ഉണ്ടാക്കുകയാണ് ഹിന്ദു ഐക്യവേദിയുടെ ലക്ഷ്യം. ഇതിനായി സംഘടനാത്‌മകവും പ്രക്ഷോഭാത്മകവും ഭാവാത്മകവും ആയ കർമ്മ പദ്ധതികളാണ് ഐക്യവേദി വിഭാവനം ചെയ്യുന്നത്.

കേരളത്തിലെ എല്ലാ ഹിന്ദു വിഷയങ്ങളെയും നമ്മുടെ സംഘടനാ പരിമിധിക്കുള്ളിൽ നിന്നുകൊണ്ട് നാം ഏറ്റെടുക്കാൻ പരിശ്രമിക്കുന്നു. മതമാറ്റത്തിനും മതഭീകരവാദത്തിനും മത പ്രീണനത്തിനുമെതിരെ അതിശക്തമായ നിലപാടുകളാണ് ഹിന്ദു ഐക്യവേദി നാളിതു വരെ സ്വീകരിച്ചിട്ടുള്ളത്. അവശതയും യാതനയും വേതനയും അനുഭവിക്കുന്ന ഹിന്ദു സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്നങ്ങളെ നാം അഭിമുഖീകരിക്കാറുമുണ്ട്.

സാമൂഹ്യ നീതി ഉറപ്പു വരുത്താനും പ്രകൃതിയെ സംരക്ഷിക്കാനും ധർമ്മസംരക്ഷണത്തിനും മഹിളാ ശാക്തീകരണത്തിനുമൊക്കെ ഹിന്ദു ഐക്യവേദി നാളിതുവരെ നൽകിയിട്ടുള്ള സംഭാവനകൾ ചെറുതല്ല.

കേരളത്തെ സംബന്ധിച്ച് ഉണരുന്ന ഹിന്ദുവിന്റെ ഒരു പൊരുതുന്ന സംഘടനയാണ് ഹിന്ദു ഐക്യവേദി.

സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തിയായി നിലകൊള്ളുന്ന ഹിന്ദു ഐക്യവേദി കേവലം ഒരു സംഘപരിവാർ സംഘടനയെന്നതിനേക്കാൾ ഉപരിയായി പൊതു ഹിന്ദു പ്രസ്ഥാനമാണ്. ഹിന്ദു ഐക്യവേദി ഇന്ന് നമ്മെ അനുകൂലിക്കുന്ന ഹിന്ദുക്കൾ മാത്രമല്ല അല്ലാത്തവരും ഉറ്റുനോക്കുന്ന ഒരു പ്രസ്ഥാനമാണ് എന്നുകൂടെ സൂചിപ്പിക്കട്ടെ.

Contact Us

Email: [email protected]
Phone: 91-471-2572400

Hindu Aikya Vedi,
Samanwaya Bhavan,
Kottaykkakam PO (Fort),
Thiruvananthapuram,
Kerala 695023